Sunday, September 13, 2015

ഒരു കാന്‍വാസില്‍ നാല് രാജ്യങ്ങള്‍, ഹഖല്‍ മനോഹരമായ ഒരു ചിത്രം

    7:07:00 AM   5 comments


 
ചെങ്കടലിന്‍റെ തീരത്തുകൂടിയുള്ള നീണ്ടു നിവര്‍ന്നുക്കിടക്കുന്ന പാത, തീരദേശ പാത, മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിക്കപ്പെട്ട റോഡിന്‍റെ അറ്റം ആകാശത്ത് ചെന്നവസാനിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു.
ഈ ആറ്റം കാണാ പാതയിലൂടെ ജിദ്ദയില്‍ നിന്ന്‍ അബ്ദുല്‍ റഹ്മാന്‍ക്കയും, സിദ്ദീകും, നൌഫലും, ഞാനുമടങ്ങുന്ന നാല്‍വര്‍ സംഘം പുറപ്പടുമ്പോള്‍ ആയിരത്തി നൂറ്റി അമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള ഹഖല്‍ ഒരു ലക്ഷ്യസ്ഥാനമേ ആയിരുന്നില്ല; ടൊയോട്ട യാരിസ് വണ്ടിയില്‍ ഇത്തരമൊരു ദീര്‍ഘയാത്ര കുറച്ചുകടുപ്പമാണ്. തബുക്ക് വരെയെങ്കിലും ഒന്ന്‍ പോവണം എന്നതായിരുന്നു പദ്ധതി.

ഹഖലും അഖബ കടലിടുക്കുമെക്കെ ചര്‍ച്ചയില്‍ കയറി വന്നെങ്കിലും അവിടേക്കുള്ള ദൂരം ഒരു പ്രധിസന്ധിയായി മുന്നില്‍ നിന്നു. നീണ്ടു കിടക്കുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് സുഖകരമാണങ്കിലും വരണ്ടുണങ്ങിയ മരുഭൂമിയിലെ പുറംക്കാഴ്ചകള്‍ വിരസമായിരുന്നു.
ഈ പാതയില്‍ ആകയുള്ള തടസ്സം “ക്യാമല്‍ ക്രോസിംഗ്” ബോര്‍ഡുകളാണ്, അതിവേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ ഏത് നിമിഷവും നമുക്ക് മുന്നിലേക്ക് ഒട്ടകം അല്ലെങ്കില്‍ ഒരൊട്ടകകൂട്ടം പ്രത്യക്ഷപ്പെടാം, ഹൈവേകളില്‍ ഉള്ളത് പോലെ റോഡിന്‍റെ ഇരുവശവും കമ്പിവേലികളില്ല. ഒരുപാട് തവണ ഞങ്ങളുടെ വണ്ടിയുടെ മുന്നിലും ഒട്ടകം വന്നു നില്‍ക്കുന്നതോ,റോഡ്‌ ക്രോസ്സിങ്ങോ ഉണ്ടായി, മുന്‍പേ കണ്ടത്കൊണ്ട് മാത്രം അപകടമൊഴിവായതാണ്. വണ്ടി ഒട്ടകത്തിന്‍റെ നീളന്‍ കാലുകളിലിടിച്ചാല്‍ അത് വണ്ടിക്ക് മുകളിലേക്ക് മറിയും, അങ്ങെനെ സംഭവിച്ചാല്‍  വണ്ടിയില്‍ നിന്ന്‍ ജീവനോടെ രക്ഷപ്പെടുക അസാധ്യമാണ്. ഇങ്ങെനെയുള്ള അപകടങ്ങള്‍ ഇത്തരം റോഡുകളില്‍ സാധാരണമാണ്.

രാത്രി വൈകി ആരംഭിച്ച യാത്ര പ്രഭാതത്തില്‍ ‘ദുബാ’ യിലെ ഒരു ഹോട്ടലില്‍ അവസാനിച്ചു, ഉറക്കച്ചടവോടെയാണങ്കിലും ദുബാ’യിലെ മനോഹര പ്രഭാതം ആസ്വദിച്ച് ഹോട്ടല്‍ മുറിയില്‍ കുറച്ച് നേരം വിശ്രമിച്ചതിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
ചെങ്കടലിന്‍റെ മണമുള്ള കാറ്റ് പുറത്തടിച്ച് വീശുന്നുണ്ട്, ചുവപ്പും കറുപ്പും വെളുപ്പും നിറത്തിലുള്ള പാറക്കെട്ടുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. അവ പെടുന്നനെ മരുഭൂമിയുടെ വന്യമായ തീഷ്ണതയിലേക്ക് വഴിമാറുന്നു.


മരുപ്പാതകളും മലമ്പാതകളും താണ്ടി അഖലില്‍ എത്തിയപ്പോള്‍ തീര്‍ച്ചയായും തോന്നി ഇവിടെ വന്നിരുന്നില്ലായിരുന്നെങ്കില്‍ അതൊരു നഷ്ടമാകുമായിരുന്നെന്ന്‍.
മരുഭൂമിയുടെ ഉള്ളുണര്ത്തുന്ന കാഴ്ചകളുടെ അത്ഭുതലോകമാണ് മുന്‍പില്‍, പ്രകൃതിയുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞുക്കിടക്കുന്ന പ്രദേശം  അതിനപ്പുറം രാജ്യ, ഭൂഖണ്ടാതിരുകള്‍ വരെ ഉള്‍പ്പെടുന്ന തന്ത്രപ്രാധാനയിടം. റോഡ്‌ നേരെ ചെന്നവസാനിച്ചത് ഒരു ചെക്ക് പോസ്റ്റിലാണ്, ദുറാ ബോര്‍ഡര്‍ ക്രോസിംഗ് ഇതിനപ്പുറത്ത് ഇനി പോവണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം, ആളൊഴിഞ്ഞ ഒരതിര്‍ത്തി ചെക്ക്പോസ്റ്റ്‌, തുറന്നുവെച്ച ഗേറ്റിനപ്പുറത്ത് ഒരു പൊലീസ് വണ്ടിയുണ്ട്, റോഡിനിരുവശവും കുറെ  ഓഫീസ് കെട്ടിടങ്ങള്‍, തോക്കു ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരൊന്നുമില്ല.
നീളന്‍ കുര്‍ത്തയിട്ട കുറച്ച് പാകിസ്ഥാനികള്‍ റോഡിനോഡ് ചേര്‍ന്നുള്ള ഓഫീസ് കേട്ടിടത്ത്ത്തിന്‍റെ വരാന്തയില്‍ തങ്ങളുടെ സ്വതസിദ്ധ ശൈലിയില്‍ കുത്തിയിരിക്കുന്നുണ്ട്, അവരോട് ആ ഗേറ്റിനകത്തൂടെ പോകാന്‍ പറ്റുമോ എന്ന്‍ ചോദിച്ചപ്പോള്‍ ‘മാഫിമുഷ്കില പോയിക്കോളു.. എന്ന്‍ പറഞ്ഞു, പക്ഷെ ആ ‘മാഫിമുഷ്കിലയെ’ അത്ര വിശ്വാസം പോരാത്തത് കൊണ്ട് അവിടെന്ന്‍ യൂ ടേര്‍ണടിച്ചു, പിന്നീടറിഞ്ഞു റിഎന്‍ റി  വിസയും ജോര്‍ദാന്‍ വിസയുമില്ലാതെ ആ ഗേറ്റിലൂടെ പൊയരുന്നെങ്കില്‍ പെടുമായിരുന്നു.
ചെക്ക്പോസ്റ്റ്‌ കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ ആദ്യം എത്തിച്ചേരുന്നത് ജോര്‍ദാനിലെ ഒരേയൊരു തുറമുഖ നഗരമായ അഖബയിലാണ്. ഞങ്ങളുടെ തൊട്ടുമുന്‍പില്‍ നീലപ്പരവതാനി വിരിച്ചുക്കിടക്കുന്ന കടലിന്‍റെ പേരും അത് തന്നെയാണ് അഖബ കടലിടുക്ക്. ഈ അഖബയിലെ ജലം ഇവിടെ  അതിരുടുന്നത് മുഖാമുഖമായി നില്‍ക്കുന്ന നാല് രാജ്യങ്ങളെയാണ്. സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രയേല്‍. ഒരു രാജ്യത്തിരുന്ന് മറ്റ് മുന്ന് രാജ്യങ്ങളെ വീക്ഷിക്കുക ആശ്ചര്യകരമായ കാഴ്ചത്തന്നെയാണത്.
ഈജിപ്തിന്‍റെ പ്രസിദ്ധമായ സീനായ് മല നിരകളും ടാബ നഗരവും, ഇസ്രായേലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന, അറബ് ഉപരോധം മറികടക്കാന്‍  വേണ്ടി പണിത ഈലത്ത് തുറമുഖവും നഗരവും.
ഹഖല്‍ സൌദിയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ തബൂക്കിന്‍റെ പരിധിയില്‍പ്പെടുന്ന ഒരു ചെറിയ നഗരം. സൗദി ഗവണ്മെന്‍റ് ടുറിസത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഹഖലിന്‍റെ ഈ തീരങ്ങളില്‍ ഒരുപാട് റിസോര്‍ട്ടുകളും ടുറിസ്റ്റു ബംഗ്ലാവുകളുമുണ്ട്.
ഹഖലിന്‍റെ രാത്രിക്ക് പറഞ്ഞറീക്കാന്‍ പറ്റാത്ത സൌന്ദര്യമാണന്ന്‍ പറഞ്ഞു കേട്ടത് കൊണ്ട് പവിഴപ്പുറ്റുകള്‍ നിറഞ്ഞ തെളിഞ്ഞ ബീച്ചില്‍ രാത്രിയാവാന്‍ വേണ്ടി കാത്തിരിക്കുകയാണ്. സമയം 7.30 ആയിട്ടും സീനായ് കുന്നുകള്‍ക്ക് മീതെ സൂര്യന്‍ പോകാന്‍ മടിച്ചുനില്‍ക്കുന്നു.
അതിമനോഹരമാണാക്കഴ്ച സീനായുടെ കുന്നിന്‍ വിടവുകളിലൂടെ ചക്രവാളത്തിലേക്കിറങ്ങിപ്പോവുന്ന അസ്തമയ സൂര്യന്‍.



പെട്രോള്‍ പമ്പില്‍ വെച്ച് പരിചയപ്പെട്ട മലയാളി സുഹൃത്താണ് ആ വ്യൂ പോയിന്റിനെക്കുറിച്ച് പറഞ്ഞു തന്നത്. ബീച്ചിനോട് ചേര്‍ന്നുള്ള വലിയ കുന്നിന്‍ മുകളില്‍ പ്രശന്തമായന്തരീക്ഷത്ത്തില്‍ ഒരു കെട്ടിടവും ചുറ്റുമതില്‍ക്കെട്ടി അതിനോട് ചേര്‍ന്ന് ഇരിപ്പിടങ്ങളും.
ഈ പെട്രോള്‍ പമ്പില്‍ നിന്ന്‍ വന്നതാണന്ന്‍ പറഞ്ഞാല്‍ സെക്യൂരിറ്റിക്കാരന്‍ അകത്തേക്ക് വണ്ടി കടത്തിവിടുമെന്ന്‍ നേരത്തെ പരിചയപ്പെട്ട  സുഹൃത്ത് പറഞ്ഞതനുസരിച്ച് കുന്ന് കയറുമ്പോള്‍ ആ സെക്യൂരിറ്റിക്കാരന്‍ താഴോട്ടിറങ്ങിവരുന്നുണ്ട്, ഞങ്ങള്‍ കാര്യങ്ങള്‍ പാരഞ്ഞപ്പോള്‍ അയാള്‍ കുറച്ച് നേരത്തേക്ക്  വേറെവിടെയോ പോവുകയാണ് വ്യൂ പോയിന്‍റിലേക്കുള്ള ഗേറ്റിന്‍റെ റിമോര്‍ട്ട് തിരിച്ച് വരുമ്പോള്‍ തന്നാല്‍ മതിയെന്ന്‍ പറഞ്ഞ് ഞങ്ങളുടെ കയ്യില്ത്തന്നു  താഴോട്ടിറങ്ങിപ്പോയി. എന്തിനാണ് അപരിചിതരായ ഞങ്ങളെ അയാള്‍ വിശ്വസിച്ചുവെന്നറിയില്ല.
ഇങ്ങിനെയുള്ള സംഭവങ്ങള്‍ യാത്രയില്‍ പലപ്പോഴും ഉണ്ടാവുന്നതാണ്, തബൂക്കിലൂടെ തിരിച്ചു വരുന്ന വഴി ഞങ്ങളുടെ വണ്ടിക്ക് ചെറിയൊരു  ആക്സിഡണ്ട് പറ്റി, ഞങ്ങളെല്ലാവരും അന്ധാളിച്ചു നില്‍ക്കെ കുറച്ച്  മുന്പ് മാത്രം മുപരിചയപ്പെട്ട സാബു ചേട്ടന്‍ പഞ്ചറായ ഞങ്ങളുടെ വണ്ടിയുടെ ടയര്‍ മാറ്റാന്‍ സഹായിച്ചതും നൌഫലിന് ചെറിയ  മുറിവ് പറ്റിയതിനാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ കൊണ്ട് പോയി  മരുന്ന് വെച്ചതും, അവിടെത്തെ പരിചയമുള്ള പോലിസുകാരനോട് സംസാരിച്ച് ഞങ്ങളുടെ യാത്ര സുഖകരമാക്കിയോതുമൊക്കെ.  
പിന്നീട് ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ആ മനുഷ്യന്‍ ഞങ്ങള്‍ക്ക് വേണ്ടി  ഇതെക്കെ ചെയ്തെതെന്നാലോചിക്കാറുണ്ട്. അവര്‍ക്കൊക്കെ അപരിചിതര്‍ എന്ന നിലക്ക് ഞങ്ങളെ അവഗണിക്കാമായിരുന്നു.
ഈ ഭൂമിയുടെ മനോഹാരിത തന്നെ ഇത്തരം നല്ല മനുഷ്യരാണ്.

വ്യൂ പോയിന്‍റില്‍ ഞങ്ങള്‍ മാത്രമേയുള്ളൂ, ഇതൊരു പോതുയിടം അല്ലായെന്ന്‍ തോന്നുന്നു. അസ്തമയ സൂര്യന്‍റെ ചെങ്കിരണങ്ങള്‍  തട്ടി കുങ്കുമപ്പു  വിതറിയത് പോലെ ചുമന്നിരുന്ന ചെങ്കടലിന്‍റെ ആകാശത്തേക്ക് മെല്ലെ ശവ്വാലമ്പിളി  ഉദിച്ചുവരുന്നുണ്ട്.
തഴുകിത്തലോടി കടന്നു പോവുന്ന തണുത്ത കാറ്റേറ്റ് ചരിത്രം  സംഭവിച്ചടുത്തിരുന്ന്‍ ആ ചരിത്രം കേള്‍ക്കുക എന്നത്  അനിര്‍വചിനിയമായ  ഒരവസ്ഥയാണ്.
ഒരു സിഗരറ്റ് പുതച്ച്  വിദൂരതയില്‍ സീനായ്  കുന്നുകളെ  നോക്കി അബ്ദുറഹ്മാന്‍ ക്ക പണ്ടു മൂസ നബിക്ക് (മോസസിന്) വേദഗ്രന്ഥം നല്‍കപ്പെട്ട കഥ മുതല്‍  ഇങ്ങ് ഇസ്രായേല്‍ അധിനിവേശം വരെയുള്ള കഥകള്‍ പറഞ്ഞു  തുടങ്ങി, തിരുത്താനും കൂട്ടിച്ചേര്‍ക്കാനും  സിദ്ദീഖും  കൂടി ആയപ്പോള്‍  ഞാനും  നൌഫലും നല്ല കേള്‍വിക്കാര്‍  മാത്രമായി .
ഖുര്‍ഹാനും ബൈബിളും പറയുന്ന, മൂസയും കുടുംബവും ഈ സീനയുടെ ദക്ഷിണ ഭാഗത്ത് കൂടി  സഞ്ചരിക്കുമ്പോഴാണ് അകലെ  ഒരു  വെളിച്ചം  കണ്ടത്, അവിടെപ്പോയി കുറച്ചു  തീ കൊണ്ടുവരുകയാണങ്കില്‍  കുട്ടികള്‍ക്കും  കുടുംബത്തിനും രാത്രി ശൈത്യത്തില്‍ നിന്ന്‍ രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍  ചെയ്യാമെന്നായിരുന്നു  മൂസ കരുതിയത്, ഏറ്റവും   ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മ്മനസ്സിലാകുകയെങ്കിലും ചെയ്യുമെല്ലോ എന്ന്‍ കരുതി മുന്നോട്ട് പോയ അദ്ദേഹത്തിന്ന്‍  മോക്ഷത്തിലേക്കുള്ള വഴി  കൂടി  അവിടെന്ന്‍ ലഭിക്കുകയായിരുന്നു.
പിന്നീട് ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് ഈ തീരങ്ങള്‍ സാക്ഷിയായി. റോമക്കാര്‍ ഒരിക്കല്‍ സൈനീക  താവളമാക്കി, അറബ്-ഇസ്രയേല്‍ സംഘട്ടനം ആരംഭിച്ചതോടെ ഈ ഉള്‍ക്കടലിന്‍റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചു. ഷറാം അല്‍ ഷേക്കും, ഈലാത്തും, അഖബ തുറമുഖവുമെല്ലാം  അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു.
1949 മുതല്‍  പലകാലത്തായി ഈജിപ്തും ഇസ്രയീലുമൊക്കെ ഈ ഉള്‍ക്കടല്‍ പിടിച്ചെടുത്ത്  ഗതാഗത സ്വാതന്ത്രം നിരോധിക്കുകയുണ്ടായി. പുറമേക്ക് ശാന്തമായി കിടക്കുകയാണങ്കിലും നിരന്തരമായ  സംഘര്‍ഷങ്ങള്‍ക്ക്  ഇന്നും വേദിയാവുന്നു അഖബ ഉള്‍ക്കടല്‍.
സീനയില്‍ ഇസ്രയേല്‍ നേടിയ അതിപത്യം മുതല്‍ ഗാസ മുനമ്പും, ബൈത്തുല്‍ മുഖദ്ദിസുംവരെ  അങ്ങെനെ മധ്യപൌര്യസ്ഥ ദേശത്തിന്‍റെ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രം ഹഖലിന്‍റെ കാറ്റേറ്റിരുന്നു  കേള്‍ക്കാന്‍ സാധിച്ചു.

ഓരോ രാജ്യവും തങ്ങളുടെ തീരത്തെ പരമാവധി  വെളിച്ചത്തില്‍ കുളിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. സൌദിയുടെ  തീരത്തുള്ള കുന്നുകള്‍ക്ക് മുകളില്‍ വരെ ദേശിയ പതാകയും, ഖുര്‍ഹാന്‍ സൂക്തങ്ങളും ആലേഖനം ചെയ്ത് അതിന്ന്‍ ലൈറ്റിംഗ് ചെയ്തിരിക്കുന്നു. പ്രകാശത്തില്‍ കുളിച്ച് നില്‍കുന്ന ഈ കാഴ്ചകള്‍ തന്നെയാണ് ഹഖലിന്‍റെ  രാത്രിയെ മനോഹരമാക്കുന്നത്.


ഹഖലിന്‍റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരത്ത് കൂടി മടങ്ങുമ്പോള്‍ ഒന്ന്‍ നീന്തിയിട്ടു പോകാമെന്നു  പറഞ്ഞ് വിളിച്ചതാണ് മനോഹരമായ പവിഴ മണല്‍ വിരിച്ച ബീച്ചുകള്‍, ആ ക്ഷണം ‘പിന്നീടൊരിക്കലി’ലേക്ക് മാറ്റിവെച്ച് മടങ്ങുകയാണ് ജിദ്ദയിലേക്ക്. 








Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
5 comments:
Write comments
  1. ഹഖലിനെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട് . ഒരിക്കല്‍ തബൂക്ക് വരെ വന്നിട്ട് മേല്‍പറഞ്ഞ സമയ കുറവു വില്ലനായപ്പോള്‍ തിരികെ വരേണ്ടി വന്നു .. ഇത് വായിച്ചപ്പോള്‍ ഒന്നൂടെ നിരാശ തോന്നുന്നു ..
    നല്ല വിവരണം .. ഹഖലിന്റെ രാത്രിയുടെ ചിത്രം കൂടി ഉള്പെടുത്താമായിരുന്നു . ആശംസകള്‍ .

    ReplyDelete
  2. ഇനിയും പ്രതീഷയോടെ

    ReplyDelete
  3. ഇനിയും പ്രതീഷയോടെ

    ReplyDelete
  4. കാറിനു മുകളിലേക്കു മറിഞ്ഞു വീഴുന്ന ഒട്ടകവും , കുത്തിയിരിക്കുന്ന പാകിസ്താനിയും ഒക്കെ മനസ്സിൽ പിക്ച്ചർ ആയി തെളിഞ്ഞു! എഴുത്തിനു വല്ലാത്ത മാസ്മരികത ഉണ്ട്!
    ചിത്രങ്ങളിൽ ഹഖലിന്റെ രാത്രിയെ കൂടി പ്രതീക്ഷിച്ചു

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner